ഉണ്ടചോറിനുള്ള മൃഗത്തിന്റെ നന്ദി! അയല്‍വാസിയുടെ ബലാത്സംഗശ്രമത്തില്‍ നിന്ന് യുവതിയെ രക്ഷിച്ചത് തെരുവുനായ; പ്രകടിപ്പിച്ചത്, യുവതി പതിവായി ഭക്ഷണം നല്‍കിയതിനുള്ള നന്ദി

മനുഷ്യരേക്കാള്‍ നന്ദിയും സ്‌നേഹവും ഉള്ളവരാണ് നായകളെന്നും ഉണ്ടചോറിന് നന്ദി കാണിക്കുന്നവരാണ് അവരെന്നുമൊക്കെ അനുഭവങ്ങളില്‍ നിന്ന് ആളുകള്‍ പറയാറുണ്ട്. അതിന് തെളിവാകുന്ന മറ്റൊരു സംഭവം കൂടി പുറത്ത് വന്നിരിക്കുകയാണ്.
ഭോപ്പാലിലാണ് സംഭവം നടന്നത്. അക്രമിയുടെ ബലാത്സംഗശ്രമത്തില്‍ നിന്ന് യുവതിയെ രക്ഷിച്ച തെരുവുനായയാണ് ഇപ്പോള്‍ ഹീറോയായിരിക്കുന്നത്. ഇരുപത്തൊമ്പതുകാരിയായ യുവതിയ്ക്കാണ് ഉണ്ടചോറിനുള്ള നന്ദിയായി തെരുവുനായ അവളുടെ ജീവിതം തന്നെ തിരിച്ചുകൊടുത്തിരിക്കുന്നത്.

തെരുവില്‍ കഴിയുന്ന നായയ്ക്ക് യുവതി പതിവായി ഭക്ഷണം നല്‍കിയിരുന്നു. യുവതി ഓമനപ്പേരിട്ടു വിളിക്കുന്ന നായയാണ് നിര്‍ണായക സമയത്ത് യുവതിയുടെ രക്ഷയ്‌ക്കെത്തിയത്. ദേശീയമാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ഞായാറാഴ്ച യുവതി തനിച്ചായിരുന്ന സമയത്ത് അയല്‍വാസി വീടിന്റെ വാതിലില്‍ മുട്ടുകയും യുവതി വാതില്‍ തുറക്കുമ്പോള്‍ അകത്തേയ്ക്ക് തളളി കടക്കുകയും യുവതിയെ കടന്നു പിടിക്കുകയുമായിരുന്നു. നന്നായി മദ്യപിച്ച യുവാവിനെ ചെറുത്തുനിര്‍ത്താന്‍ യുവതി ശ്രമിക്കുമ്പോഴാണ് നായ രക്ഷക്കെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുറിയുടെ ഒരു മൂലയില്‍ കിടന്നുറങ്ങുകയായിരുന്നു നായ മൂന്ന് മണിയോടെ യുവതിയുടെ ശബ്ദം കേട്ട് ഞെട്ടിയുണരുകയായിരുന്നു. വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന യുവാവ് യുവതിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു അപ്പോള്‍.

നായ കുരച്ചു ചാടിയതോടെ ഭയന്നു പോയ യുവാവ് നായയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷമാണ് രക്ഷപെട്ടതും. തെരുവില്‍ വളരുന്ന നായയ്ക്ക് പതിവായി ഇവര്‍ ഭക്ഷണം നല്‍കുമായിരുന്നു. സംഭവത്തില്‍ പിന്നീട് യുവതി നല്‍കിയ പരാതിയില്‍ തൊട്ടടുത്ത് തന്നെ താമസിക്കുന്ന സുനില്‍ എന്നയാള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami