ഹോം വര്‍ക്ക് ചെയ്യാനായില്ല; കുട്ടി  വിളിച്ചത് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക്

ഹോം വര്‍ക്ക് ചെയ്യാന്‍ പോലീസ് സഹായം ആവശ്യപ്പെട്ട അഞ്ചാം ക്ലാസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അമേരിക്കയിലെ പൊലീസ് എമര്‍ജന്‍സി സഹായ ഡെസ്‌കിലേക്ക് വിളിച്ചാണ് കണക്കിന്റെ ഹോം വര്‍ക്ക് ചെയ്യാന്‍ കുട്ടി സഹായം ആവശ്യപ്പെട്ടത്.

ഹോംവര്‍ക്ക് ചെയ്യാനുണ്ടെന്നും കണക്കാണെങ്കില്‍ ഒന്നും അറിയില്ലെന്നും പറഞ്ഞ കുട്ടി സഹായിച്ചേ പറ്റൂവെന്ന് നിര്‍ബന്ധവും പറഞ്ഞു. ഡെസ്‌ക്കില്‍ അധികം തിരക്കില്ലാതിരുന്നതിനാല്‍ അന്റോണിയ ബോണ്ടി എന്ന ഉദ്യോഗസ്ഥ കുട്ടിയെ മനസറിഞ്ഞ് സഹായിക്കുകയും ചെയ്തു.

ഹോം വര്‍ക്കിലെ സംശയങ്ങള്‍ തീര്‍ത്ത കുട്ടി തന്നെ സഹായിച്ച ഉദ്യോഗസ്ഥയോട് നന്ദിയും പറഞ്ഞു. എന്നാല്‍, ഇനിയും ഇത്തരം ഘട്ടങ്ങളില്‍ മാതാപിതാക്കളെയോ ടീച്ചറെയോ സമീപിക്കണമെന്ന് പറയാന്‍ തുടങ്ങുമ്പോഴേക്ക് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് കുട്ടി പോയിരുന്നു.
രസകരമായ സംഭാഷണം റെക്കോര്‍ഡ് ചെയത് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. അവരുടെ സ്ഥാനത്ത് മറ്റേത് ഉദ്യോഗസ്ഥരാണെങ്കിലും കുട്ടിയെ വഴക്ക് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുമായിരുന്നുവെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ തനിക്ക് കണക്ക് ഏറെ ഇഷ്ടമാണെന്നും കുട്ടിയുടെ നിഷ്‌കളങ്കമായ ചോദ്യം കേട്ടപ്പോള്‍ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ബോണ്ടി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami