ടൈം മാഗസീനില്‍ ഫോട്ടോഷോപ്പ്‌ തലവച്ച്‌ കണ്ണന്താനം; മണ്ഡലം മാറി വോട്ട്‌ ചോദിച്ചതിന്‌ പിന്നാലെ നുണപ്രചാരണവും

കൊച്ചി: എറണാകുളം മണ്ഡലമാണെന്ന്‌ കരുതി ചാലക്കുടി മണ്ഡലത്തില്‍ വോട്ട്‌ ചോദിച്ചതിന്‌ പിന്നാലെ ഫോട്ടോഷോപ്പ്‌ നുണപ്രചാരണവുമായി ബിജെപി എറണാകുളം ലോക്‌സഭാ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. മണ്ഡലം മാറിയും കോടതി കയറിയുമുള്ള വോട്ടഭ്യര്‍ത്ഥനകള്‍ക്ക് പിന്നാലെ ടൈം മാഗസിന്റെ കവറില്‍ സ്വന്തം തല വെട്ടിച്ചേര്‍ത്ത ചിത്രം തന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി. ചിത്രം ബിജെപി അനുകൂലികള്‍ ഏറ്റെടുത്ത് വ്യാപകമായി പ്രചരിപ്പിച്ചതോടെയാണ് ഫോട്ടോ വ്യാജമാണെന്ന് തെളിഞ്ഞത്.

അമേരിക്കയുടെ 50 ഭാവിനേതാക്കളെക്കുറിച്ചുള്ള ടൈമിന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടിലാണ് കണ്ണന്താനം ചിത്രവും തലക്കെട്ടും വ്യാജമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ടൈമിന്റെ ഒറിജിനല്‍ തലക്കെട്ട് തിരുത്തി നൂറ് ആഗോള നേതാക്കളെക്കുറിച്ചുള്ള റിപ്പോര്‍ട്ടെന്നുമാക്കിയിട്ടുണ്ട്. അമേരിക്കയുടെ 40 വയസിനുതാഴെയുള്ള ഭാവി നേതാക്കള്‍ എന്ന അടിക്കുറിപ്പ് വെട്ടിമാറ്റി, പുതിയ നൂറ്റാണ്ടിലെ യുവ നേതാക്കള്‍ എന്നുമാക്കി.

1994ലേതെന്ന് പ്രചരിപ്പിച്ച ചിത്രവും കണ്ണന്താനത്തിന്റെ 2019ലെ ലോക്‌സഭാ പ്രചരണത്തിനുപയോഗിച്ചിരിക്കുന്ന ചിത്രവും ഒന്നുതന്നെയാണ്. കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ ചിത്രമാണിത്. ഈ രണ്ട് പോസ്റ്ററുകളും ഒരേ ഫേസ്ബുക്ക് പോസ്റ്റില്‍തന്നെയാണ് കൊടുത്തിരിക്കുന്നത്.

ലോക പ്രശസ്ത ഗ്രാഫിക് ഡിസൈനര്‍ ക്രെയ്ഗ് ഫ്രേസിയര്‍ തയ്യാറാക്കിയ കവര്‍ ചിത്രത്തിലാണ് കണ്ണന്താനത്തിന്റെ ഫോട്ടോഷോപ്പ് പ്രയോഗം. 40കാരനായ അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നെന്ന അടിക്കുറിപ്പുമുണ്ട് ഫേസ്ബുക്കിലിട്ട ചിത്രത്തിന്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami