പാര്‍ട്ടിയില്‍ വന്നിട്ടാവാം മത്സരിക്കല്‍; ഷാനവാസിന്റെ മകളുടെ സ്ഥാനര്‍ത്ഥിത്വത്തിനെതിരെ കെ.എസ്.യു

കോഴിക്കോട്: അന്തരിച്ച വയനാട് എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ഐ ഷാനവാസിന്റെ മകള്‍ അമീനയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ചര്‍ച്ച നടക്കുന്നതിനിടെ എതിര്‍പ്പുമായി കെ.എസ്.യു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ കൂടി ഇല്ലാത്ത അമീനയെ ആദ്യം പാര്‍ട്ടിയിലേക്കാണ് സ്വാഗതം ചെയ്യേണ്ടതെന്നും അല്ലാതെ സ്ഥാനാര്‍ത്ഥിത്വത്തിലേക്കല്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ചൂണ്ടിക്കാട്ടി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കെ.എസ്.യുവിന്റെ എതിര്‍പ്പ് അഭിജിത്ത് അറിയിച്ചത്.

തിരുത്തല്‍ വാദത്തിന് നേതൃത്വംകൊടുത്ത എം.ഐ ഷാനവാസിന്റെ മകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നതിനെ ഇരു കൈകളും നീട്ടി സ്വാഗതം ചെയ്യുന്നു. പക്ഷേ വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വയനാട് പോലെ നൂറ് ശതമാനം വിജയസാധ്യതയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ, ജനങ്ങളുടെ വികാരം ഉള്‍കൊള്ളാതെ ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ പാടില്ല. ഇക്കാര്യം കൃത്യമായി പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അഭിജിത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ കോണ്‍ഗ്രസ് നേതൃസംഗമത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഷാനവാസിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന തരത്തിലുള്ള പ്രസ്താവന ഷാനാവാസിന്റെ മകളുടെ ഭാഗത്ത് നിന്നും വന്നിരുന്നു. തുടര്‍ന്നാണ് എതിര്‍പ്പുമായി കെ.എസ്.യു രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami