‘ഇടതുപക്ഷമേ, നിങ്ങളൊന്നു നിലവിളിക്കുകയെങ്കിലും ചെയ്യണേ; ജീവനോടെയുണ്ടെന്ന് തെളിയിക്കാന്‍’

ഗാന്ധിവധം പുനരാവിഷ്‌കരിച്ച ഹിന്ദുമഹാസഭയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കവി സച്ചിദാനന്ദന് പിന്നാലെ എഴുത്തുകാരി കെ ആര്‍ മീരയാണ് സംഘടനയുടെ ‘ആഘോഷ’ത്തെ അപലപിച്ചത്. രാഷ്ട്രപിതാവിന്റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി നിറയൊഴിച്ചത് പേടിപ്പിക്കുന്ന പ്രവര്‍ത്തിയാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭാവിയില്‍ ഇതും ആചാര സംരക്ഷണത്തിന്റെ ഭാഗമാവുമോ എന്ന ആശങ്കയും ഇടതുപക്ഷത്തിന്റെ മൗനവും അവര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ദൈ വമേ, എനിക്കു പേടിയാകുന്നു.

രാഷ്ട്രപിതാവിന്റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി നിറയൊഴിക്കുന്നു.

നിലത്തേക്ക് ചോരച്ചാല്‍ ഒഴുകിപ്പരക്കുന്നു.

എന്റെ രാഷ്ട്രത്തിന്റെ പിതാവ് !

ലോകത്തിന്റെ മുഴുവന്‍ മഹാത്മാവ് !

ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ.

എനിക്കു പേടിയാകുന്നു.

അടുത്ത ജനുവരി മുപ്പതിന് എന്‍എസ്‌എസ് പ്രസിഡന്റ് ജി സുകുമാരന്‍നായരും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പിഎസ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ഈ ആചാരം ആവര്‍ത്തിക്കുമായിരിക്കും.

മഹാത്മാവിനെ വെടിവച്ച്‌ ആനന്ദിച്ച പൂജാ ശകുന്‍ പാണ്ഡെയെപ്പോലെ, കെ പി ശശികലയുടെയും ശോഭാ സുരേന്ദ്രന്റെയും നേതൃത്വത്തില്‍ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും.

ടി പി സെന്‍കുമാര്‍ സ്വാഗതപ്രസംഗം നടത്തുമായിരിക്കും. മാതാ അമൃതാനന്ദമയിയും ചിദാനന്ദപുരിയും പ്രഭാഷണങ്ങളാല്‍ അനുഗ്രഹം ചൊരിയുമായിരിക്കും. ഇന്ന് ഇത് ചര്‍ച്ചയ്ക്ക് എടുക്കുകയോ ചോദ്യശരങ്ങള്‍ എയ്യുകയോ ചെയ്യാത്ത മലയാളത്തിലെ ന്യൂസ് ചാനലുകള്‍ അന്ന് ഇതു തല്‍സമയം സംപ്രേഷണം ചെയ്യുകയും പത്രങ്ങള്‍ ഒന്നാം പേജില്‍ ആഘോഷിക്കുകയും ചെയ്യുമായിരിക്കും.

രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ‘ഞങ്ങള്‍ വിശ്വാസികളോടൊപ്പം’ എന്ന് ആണയിടുമായിരിക്കും. ത്യാഗമില്ലാത്ത മതം പാപമാണെന്നു പറഞ്ഞ വൃദ്ധനെ ‘ആണുങ്ങള്‍ക്കു’ യോജിക്കും വിധം കൈകാര്യം ചെയ്തതില്‍ കെ സുധാകരന്‍ വിശ്വാസികളെ അഭിനന്ദിക്കുമായിരിക്കും.

അതിനു മുമ്ബ്,

ഇടതുപക്ഷമേ,

നിങ്ങളൊന്നു നിലവിളിക്കുകയെങ്കിലും ചെയ്യണേ.

വെറുതെ.

ജീവനോടെയുണ്ട് എന്നു തെളിയിക്കാന്‍ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

Bitnami