പ്രിയങ്ക ​ഗാന്ധി കേരളത്തിലേക്ക്; മൂന്ന് റോഡ് ഷോകളുമായി രാഹുലും

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ചു കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി. വിദേശത്തു നിന്ന് പ്രിയങ്ക മടങ്ങിയെത്തിയാലുടന്‍ ഇക്കാര്യം ദേശീയ നേതൃത്വം പരിഗണിക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തില്‍ ഏതാനും സ്ഥലങ്ങളില്‍ പ്രിയങ്ക പ്രചാരണത്തിനിറങ്ങിയാല്‍, സംസ്ഥാനത്തുടനീളം യുഡിഎഫിന് നേട്ടമാകുമെന്നാണു വിലയിരുത്തല്‍. മലയാളികള്‍ക്കു പ്രിയങ്കയോടുള്ള പ്രിയം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണു കെപിസിസി നിലപാട്.

പ്രിയങ്കയുടെ വരവിനൊപ്പം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

മലബാര്‍, മധ്യ, തെക്കന്‍ കേരളം എന്നിവിടങ്ങളിലായി രാഹുലിന്റെ മൂന്ന് റോഡ് ഷോ നടത്താനാണ് പദ്ധതി. രാഹുലുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.

യുപി കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്ന പ്രിയങ്കയുടെ സേവനം മറ്റു പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ അവര്‍ എവിടെയൊക്കെ പോകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പു നല്‍കാനാവില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

നെഹ്റു – ഗാന്ധി നേതൃത്വത്തിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഇഷ്ടപ്പെടുന്നവരാണു മലയാളികളെന്നും പ്രിയങ്കയുടെ വരവ് പാര്‍ട്ടിക്കു കരുത്തേകുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ പ്രചാരണം സംബന്ധിച്ചു പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുമായി മുല്ലപ്പള്ളി ചര്‍ച്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Bitnami