ചൈത്രക്ക്​ എതിരായ നടപടി തടയണമെന്ന ഹരജി പിൻവലിച്ചു

കൊച്ചി: സി.പി. എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്​ഡ്​ നടത്തിയ എസ്.പി ചൈത്ര തെരേസ ജോണിന് എതിരായ സർക്കാർ നടപടി തടയണമെന്ന പൊതുതാൽപര്യ ഹരജി പിൻവലിച്ചു. ചൈത്ര തെരേസ ജോണിന് പരാതിയുണ്ടെങ്കിൽ നേരിട്ട്​ കോടതിയെ സമീപിക്കാ​മെന്ന്​ കോടതി വ്യക്തമാക്കി. ചൈത്ര തെരേസ ജോണിന്‌ എതിരായി സർക്കാർ എന്ത് നടപടിയാണ് എടുത്തതെന്ന് ചോദിച്ച കോടതി അവർക്കെതിരെ നടപടിയെടുത്താല്‍ ഇടപെടാമെന്നും അറിയിച്ചു.

ചൈത്രയുടെ നടപടിയിൽ തെറ്റില്ല എന്നാണ്​ മേലുദ്യോഗസ്ഥൻ കണ്ടെത്തിയത്​. നിയമലംഘനം എവിടെയാണ് ഉണ്ടായിട്ടുള്ളത്​. നിലവിൽ ഹരജിയുടെ ആവശ്യമെന്തെന്നും പൊതുതാല്‍പര്യ ഹരജി പരിഗണിച്ച കോടതി ആരാഞ്ഞു.

ചൈത്രക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും ഇത് തെറ്റായ സന്ദേശം നൽകുന്നതാണെന്ന് ഹരജിക്കാരൻ വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. ഭരണഘടന അതിന് സംരക്ഷണം നൽകുന്നുണ്ട്​. മുഖ്യമന്ത്രിയുടെ പ്രസ്താവന നൽകുന്ന സന്ദേശം എന്താണെന്ന് ഇപ്പോൾ പരിശോധിക്കേണ്ടതില്ല. സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ഇപ്പോഴേ പറയാനാവില്ല. നിയമപരമായി എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കിലേ ഇടപെടാൻ കഴിയൂയെന്നും ഹൈകോടതി
നിരീക്ഷിച്ചു.

ഭരിക്കുന്ന പാർട്ടിയുടെ ഓഫിസിൽ പൊലീസ് റെയ്ഡ് നടത്തുന്നത് നിയമ വ്യവസ്ഥ നിലനിൽക്കുന്നു എന്നതിന് തെളിവാണെന്നും കോടതി നിരീക്ഷിച്ചു. പുതിയ സാഹചര്യങ്ങൾ ഉണ്ടായാൽ ആവശ്യം എങ്കിൽ കോടതിയെ വീണ്ടും സമീപിക്കാമെന്ന് വിശദമാക്കിയതോടെ എസ്.പി ചൈത്ര തെരേസ ജോണിന് എതിരായ സർക്കാർ നടപടിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പിൻവലിച്ചു.

സി.പി. എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ അക്രമ കേസിലെ പ്രതികൾക്കായി റെയ്​ഡ്​ നടത്തിയതിന് പേരിൽ എസ്.പി ചൈത്രയെ സർക്കാർ ബലിയാടാകുന്നു എന്നാരോപിച്ച് എറണാകുളം ആസ്ഥാനമായുള്ള പബ്ലിക് ഐ എന്ന സംഘടനയാണ് പൊതുതാൽപര്യ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami