മത്സരിക്കാന്‍ സീറ്റു നല്‍കാത്തതിന്റെ കലിപ്പു തീരാതെ കെ വി തോമസ്! മത്സ്യഗന്ധം ഓക്കാനമുണ്ടാക്കുന്നുവെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്‌തെന്ന എതിരാളികളുടെ പ്രചരണം ഏറ്റുപിടിച്ച്‌ മുന്‍ കേന്ദ്രമന്ത്രി; തരൂരിന്റെ പരാമര്‍ശം മത്സ്യത്തൊഴിലാളികളെ വേദനിപ്പിച്ചുവെന്നും മാപ്പു പറയുന്നതായും തോമസ്

തിരുവനന്തപുരം: എറണാകുളം ലോക്‌സഭാ സീറ്റ് ഇത്തവണ മത്സരിക്കാന്‍ ലഭിക്കാതെ പോയതിന്റെ ക്ഷീണത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഇപ്പോഴും. എങ്കിലും ഹൈബി ഈഡന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട് അദ്ദേഹം. എന്നാല്‍ ഇതിനിടെ ശശി തരൂരിന്റെ ട്വീറ്റ് വിവാദമായ വേളയില്‍ ഒളിയമ്ബുമായി കെ വി തോമസ് രംഗത്തെത്തി.

മത്സ്യഗന്ധം ഓക്കാനമുണ്ടാക്കുന്നുവെന്ന ശശി തരൂരിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരണവുമായാണ് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് രംഗത്തെത്തിയത്. തരൂരിനെതിരെ രാഷ്ട്രീയ എതിരാളികള്‍ പറയുന്ന കാര്യം മുഖവിലയ്ക്കെടുത്തു കൊണ്ടായിരുന്നു കെ വി തോമസിന്റെ ട്വീറ്റ്. തരൂരിന്റെ പരാമര്‍ശം മത്സ്യത്തൊഴിലാളി സമൂഹത്തിന് വേദനയുണ്ടാക്കിയതായി താന്‍ മനസിലാക്കുന്നു. ഇക്കാര്യത്തില്‍ തന്റെ സഹപ്രവര്‍ത്തകനായ തരൂരിന്റെ വേദനാജനകമായ പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളി സഹോദരങ്ങളോട് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും കെ.വി തോമസ് ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പ്രളയകാലത്ത് രക്ഷകരായി എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട തരൂരില്‍ നിന്ന് ബോധപൂര്‍വം ഇങ്ങനെയൊരു പരാമര്‍ശം ഉണ്ടായതായി കണക്കാക്കാതെ അതൊരു നാവു പിഴയായി കരുതി രാജ്യം നിര്‍ണായക തിരഞ്ഞെടുപ്പിനെ നേരിടുമ്ബോള്‍ വൈകാരികമായ പ്രതികരണത്തിന് മുതിരാതെ ജനാധിപത്യപരമായി യു.ഡി.എഫിനോട് സഹകരിക്കണമെന്നും കെ.വി തോമസ് അഭ്യര്‍ത്ഥിച്ചു.

കെ.വി തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ തിരുവനന്തപുരം എംപി ശശീതരൂര്‍ തന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച്‌ മത്സ്യമാര്‍ക്കറ്റിലെത്തി പത്രക്കടലാസില്‍ചുരുട്ടി മത്സ്യം ഉയര്‍ത്തിപിടിക്കുകയും, മത്സ്യത്തിന്റെ ഗന്ധം തനിക്ക് ഓക്കാനം ഉണ്ടാക്കി എന്ന് പിന്നീട് ട്വീറ്റ് ചെയ്തത് മത്സ്യത്തൊഴിലാളി സമൂഹത്തിന് ഏറെ വേദന ഉളവാക്കിയതായി ഞാന്‍ മനസ്സിലാക്കുന്നു.

ഇക്കാര്യത്തില്‍ എന്റെ സഹപ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ വേദനാജനകമായ പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളി സഹോദരരോട് ഞാന്‍ മാപ്പു ചോദിക്കുകയാണ്.

പ്രളയകാലത്ത് രക്ഷകരായി എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് നൊബേല്‍ സമ്മാനം നല്കണമെന്ന് ആവശ്യപ്പെട്ട ശശീതരൂരില്‍ നിന്ന് ബോധപൂര്‍വ്വം ഇങ്ങിനെ ഒരുപരാമര്‍ശം ഉണ്ടായതായി കണക്കാക്കാതെ അതൊരു നാവു പിഴയായി കരുതി രാജ്യം നേരിടുന്ന നിര്‍ണ്ണായകമായ ഈ തെരെഞ്ഞെടുപ്പില്‍ വൈകാരികമായ പ്രതികരണത്തിനുമുതിരാതെ തികച്ചും ജനാധിപത്യപരമായ വിധത്തില്‍ യു.ഡി.എഫി നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മത്സ്യഗന്ധം ഓക്കാനമുണ്ടാക്കുന്നുവെന്ന പരാമര്‍ശമുണ്ടാക്കിയ വിവാദം തണുപ്പിക്കാന്‍ ശശി തരൂരും കോണ്‍ഗ്രസ് കേന്ദ്രങ്ങളും ശ്രമിച്ചുകൊണ്ടിരിക്കെയാണ് കെ.വി തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. താന്റെ ഇംഗ്ലീഷ് കേരളത്തിലെ ഇടത് നേതാക്കള്‍ക്ക് മനസിലാകാത്തതുകൊണ്ടാണ് സംഭവം വിവാദമായതെന്നായിരുന്നു തരൂരിന്റെ ആദ്യ പ്രതികരണം. എന്നാല്‍ വിവാദം കൈവിട്ടുവെന്ന് വ്യക്തമായതോടെ ഇന്ന് മത്സ്യത്തൊഴിലാളി നേതാക്കളുമായി തരൂര്‍ മാധ്യമങ്ങളെ കണ്ടിരുന്നു. താന്‍ സ്വയം പരിഹസിക്കുകയാണ് ചെയ്തതെന്നും തരൂര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami