കര്‍ഷക വായ്പക്ക് മൊറട്ടോറിയം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അനുകൂല ശുപാര്‍ശ നൽകി

തിരുവനന്തപുരം: കർഷകരുടെ വായ്പകൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പച്ചക്കൊടി. മൊറട്ടോറിയത്തിന് അനുമതിൽ നൽകുന്നതിനെ അനുകൂലിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ നൽകി. എല്ല വശങ്ങളും പരിശോധിച്ചും മാനുഷിക പരിഗണന കണക്കിലെടുത്തുമാണ് അനുകൂല ശുപാർശ നൽകിയതെന്നും ടിക്കാറാം മീണ പറഞ്ഞു.

കടക്കെണി കാരണം കർഷക ആത്മഹത്യ കൂടുന്ന സാഹചര്യത്തിൽ സർക്കാർ തീരുമാനം അനുവദിക്കാവുന്നതാണെന്ന ശുപാർശയോടെ ടിക്കാറാം മീണ മൊറട്ടോറിയം ഫയൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു. കമ്മിഷൻ അനുമതി നൽകിയാൽ ലോക്സഭാ തിരഞ്ഞെടുപ്പിനിടയിൽത്തന്നെ സർക്കാരിന് ഇതുസംബന്ധിച്ച ഉത്തരവിറക്കാം. കർഷകർക്ക് വ്യക്തിപരമായ സഹായം ലഭിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കാനും കമ്മിഷന് അധികാരമുണ്ട്.

മൊറട്ടോറിയം അടക്കം കർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജ് മാർച്ച് അഞ്ചിനാണ് സർക്കാർ അംഗീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനുമുമ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കാനായിരുന്നു തീരുമാനം. എന്നാൽ, ഉദ്യോഗസ്ഥ അലംഭാവംമൂലം ഇത് വൈകി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ തീരുമാനം നടപ്പാക്കാനാവാതെവന്നു.

തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ തീരുമാനം നടപ്പാക്കാൻ സർക്കാർ നടപടിയാരംഭിച്ചത്. ഉത്തരവിറക്കേണ്ടതിന്റെ അടിയന്തര സാഹചര്യം സൂചിപ്പിക്കാത്തതിനാൽ ആദ്യം നൽകിയ അപേക്ഷ കമ്മിഷൻ തിരിച്ചയച്ചു. തുടർന്ന്, കൃഷിവകുപ്പുമായി കൂടിയാലോചിച്ച് രണ്ടുദിവസംമുമ്പ് വിശദീകരണം സഹിതം ഫയൽ കമ്മിഷന് സമർപ്പിക്കുകയായിരുന്നു.

സർക്കാർ വിശദീകരണം തൃപ്തികരമാണ്. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അതിനാലാണ് അവരുടെ അനുമതിതേടുന്നതെന്നും ടിക്കാറാം മീണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami