പ്രചാരണ തിരക്ക്; രണ്ടാഴ്‌ചത്തേക്ക് മന്ത്രിസഭാ യോഗമില്ല

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്ക് കനത്തതോടെ വോട്ടെടുപ്പിന് മുൻപുള്ള രണ്ടാഴ്ച മന്ത്രിസഭാ യോഗം ഉണ്ടാകില്ലെന്ന് വ്യക്തമായി. മന്ത്രിസഭാ യോഗത്തിന് അവധി നൽകി മന്ത്രിമാർ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതലകളിലേക്ക് പൂർണ്ണമായും മാറുകയാണ്. ഏപ്രിൽ പത്തിന് മന്ത്രിസഭ യോഗം ചേർന്നാൽ പിന്നെ ഏപ്രിൽ 25 ന് മാത്രമേ യോഗം ചേരൂ എന്നാണ് വിവരം.

സാധാരണ എല്ലാ ആഴ്ചകളിലും ബുധനാഴ്ചയാണ് മന്ത്രിസഭാ യോഗം നടക്കുന്നത്. ഏപ്രിൽ പത്ത് കഴിഞ്ഞാൽ പിന്നെ 17, 24 തീയ്യതികളിലാണ് യോഗം നടക്കേണ്ടത്. എന്നാൽ ഏപ്രിൽ 23 നാണ് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. തൊട്ടടുത്ത ദിവസം യോഗത്തിനെത്താൻ മന്ത്രിമാർ അസൗകര്യം അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഏപ്രിൽ 25 ന് മാത്രമേ യോഗം ചേരൂ.

ഫലത്തിൽ ഒരു മന്ത്രിസഭാ യോഗം പൂർണ്ണമായും റദ്ദാക്കും. അടുത്തത് മാറ്റിവയ്ക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാറില്ല. അതിനാൽ തന്നെ മന്ത്രിസഭാ യോഗത്തിൽ കാര്യമായ അജണ്ടയോ തീരുമാനങ്ങളോ ഉണ്ടാകാറില്ല. യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് അയക്കുകയാണ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami