കൊടുംവേനലില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ക്കേസ്

കൊച്ചി: സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച്‌ കനത്ത ചൂടിലും തൊഴിലാളികളെ പണിയെടുപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന‌് കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. വരള്‍ച്ചാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതരസംസ്ഥാന തൊഴിലാളികളെയാണ് ഇത്തരത്തില്‍ കുടുതലും പണിയെടുപ്പിക്കുന്നത്. ഇത് തീര്‍ത്തും മനുഷ്യത്വവിരുദ്ധമാണ്. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ അടിയന്തരമായി ശ്രദ്ധിക്കണം.

സര്‍ക്കാര്‍വകുപ്പുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാലും ഇത്തരത്തില്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കരുത്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും തൊഴിലുടമയ‌്ക്കുമെതിരെ ക്രിമിനല്‍ക്കേസ് എടുക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനായി തൊഴില്‍വകുപ്പിന്റെ സ്‌ക്വാഡുകള്‍ പരിശോധന ശക്തമാക്കും. കുടിവെള്ളക്ഷാമം രൂക്ഷമായ തദ്ദേശ സ്ഥാപനങ്ങളില്‍ കുടിവെള്ളവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ കലക്ടര്‍ തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

ഇക്കാര്യത്തില്‍ മാര്‍ച്ച്‌ രണ്ടിന് സര്‍ക്കാര്‍നിര്‍ദേശം വന്നിട്ടും ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കലക്ടര്‍ പറഞ്ഞു. വെള്ളം ആവശ്യക്കാര്‍ക്കാണ് എത്തുന്നതെന്നുറപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച്‌ പരിശോധന നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു. ഡെപ്യൂട്ടി കലക്ടര്‍ പി ഡി ഷീലാദേവി, സബ് കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami