പൊലീസിനെ പറ്റിച്ച് കാടുകയറിയ കമിതാക്കള്‍ വനത്തിനുള്ളിൽ കഴിഞ്ഞത് രണ്ടാഴ്ച്ച; പിന്നീട് സംഭവിച്ചത്?!

തൊടുപുഴ: ഇലവീഴാപൂഞ്ചിറ വനമേഖലയില്‍ വിഹരിച്ച കമിതാക്കളെ പൊലീസ് പിടികൂടിയത് .മേലുകാവ് വല്യാറ്റില്‍ അപ്പുക്കുട്ടന്‍ എന്ന് വിളിക്കുന്ന ജോര്‍ജിയും (23) കുമളി സ്വദേശിയായ പെണ്‍കുട്ടിയുമാണ് വീട്ടുകാരറിയാതെ വനത്തിലേക്ക് ഒളിച്ചോടിയത്. ജനുവരി ആറിന് പള്ളിയിലേക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും കുമളി പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു . പെണ്‍കുട്ടി യുവാവിനോടൊപ്പം വനത്തില്‍ കയറി എന്ന സൂചന പൊലീസിന് അന്വേഷണത്തില്‍ ലഭിച്ചിരുന്നു. മകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

തുടര്‍ന്ന് മുപ്പത്തിയഞ്ചോളം പൊലീസുകാരും നൂറോളം നാട്ടുകാരും ചേര്‍ന്ന് ഇലവീഴാപൂഞ്ചിറ ഭാഗത്ത് തിരച്ചില്‍ ആരംഭിച്ചു. രണ്ടാഴ്ചയിലേറെ വന പ്രദേശം അരിച്ചുപെറുക്കിയിട്ടും ഇവരെ കണ്ടെത്താനായില്ല. ഇത് കൂടാതെ ഇടുക്കിയില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പെണ്‍കുട്ടിയുടെ ബാഗ്, വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍, പാത്രങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍ എന്നിവ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച്ച നീണ്ട വനവാസത്തിന് ശേഷം പെണ്‍കുട്ടിയുമായി പുലര്‍ച്ചെ മല ഇറങ്ങുന്നതിനിടെയാണ് ഇവര്‍ പൊലീസിന് മുന്‍പില്‍ പെട്ടത്. തുടര്‍ന്ന് ഇരു ഭാഗങ്ങളിലേക്കുമായി ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

കമിതാക്കള്‍ രണ്ടാഴ്ച്ച വനത്തിലെ പാറയിടുക്കുകളിലും വന്‍ മരങ്ങളുടെ ചുവട്ടിലുമായാണ് കഴിഞ്ഞത്. മരം കയറാന്‍ വിദഗ്ദ്ധനായ അപ്പുക്കുട്ടന്‍ ഇടയ്ക്കിടെ നാട്ടിലിറങ്ങി ശേഖരിക്കുന്ന കരിക്ക്, മാങ്ങ, തേങ്ങ, ആളില്ലാത്ത പുരയിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കപ്പ, വാഴക്കുല എന്നിവയൊക്കെ ഭക്ഷിച്ചാണ് ഇരുവരും വിശപ്പടക്കിയിരുന്നത്. ഇന്നലെ പിടിയിലാകുമ്പോൾ ഇയാളുടെ കൈയിലെ ചാക്കുകെട്ടില്‍ കപ്പയും മഞ്ഞളും ഉണ്ടായിരുന്നു.ഇടുക്കി, കോട്ടയം ജില്ലകളില്‍ നിരവധി പെണ്‍കുട്ടികള്‍ അപ്പുക്കുട്ടന്റെ വലയില്‍ വീണിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ചിങ്ങവനം, കാഞ്ഞാര്‍ സ്റ്റേഷനുകളിലെ നിരവധി പീഡന കേസുകളിലും ഇയാള്‍ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami