ശബരിമലയില്‍ നിയോഗിച്ച വനിതാ പൊലീസുകാരുടെ പ്രായം ഉറപ്പുവരുത്തിയിരുന്നു; വെളിപ്പെടുത്തലുമായി തില്ലങ്കേരി

കോഴിക്കോട്: സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ചെന്ന് ആര്‍എസ്എസ് നേതാവും ശബരിമല കര്‍മ്മ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വല്‍സന്‍ തില്ലങ്കേരി. കോഴിക്കോട് മുതലക്കുളത്ത് നടന്ന ശബരിമല ആചാര സംരക്ഷണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസുകാര്‍ 50 വയസിന് മുകളിലുള്ളവരെന്ന് ഉറപ്പുവരുത്തിയെന്നാണ് വല്‍സന്‍ തില്ലങ്കേരി അവകാശപ്പെടുന്നത്.

സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസില്‍ ഒരാളുടെ ഭര്‍ത്താവിന്‍റെ പ്രായം 49 ആണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതോടെ ഉദ്യോഗസ്ഥയുടെ പ്രായം 49 ല്‍ താഴെയാകുമെന്ന ആശങ്കയുണ്ടായി. തുടര്‍ന്ന് എസ്പി മാരെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സന്നിധാനത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് സന്നിധാനത്തുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ചെന്നാണ് തില്ലങ്കേരിയുടെ അവകാശവാദം.

ചെറുപ്പക്കാരികളായ 50 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയമിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒരു ഉദ്യോഗസ്ഥയും തയ്യാറായില്ല. തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലെ വനിതാ പൊലീസുകാരെ സമീപിച്ചെങ്കിലും അവരും തയ്യാറില്ലെന്നും തില്ലങ്കേരി പ്രസംഗത്തിനിടെ പറഞ്ഞു.

ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തി പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ തില്ലങ്കേരി അഭിസംബോധന ചെയ്ത് സംസാരിച്ചത് വലിയ വിവാദമായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുകയും പൊലീസ് മൈക്കിലൂടെ തില്ലങ്കേരി പ്രസംഗിക്കുകയും ചെയ്തിരുന്നു. ചോറൂണിനെത്തിയ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്തതോടെയാണ് തില്ലങ്കേരി പൊലീസ് മൈക്കിലൂടെ സംസാരിച്ചത്. പതിനെട്ടാംപടി പ്രസംഗത്തിന് വേദിയാക്കിയ വത്സന്‍ തില്ലങ്കേരിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami