രാഘവനെതിരായ ഒളിക്യാമറ ആരോപണം ഗൌരവമേറിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവനെതിരായ കോഴ ആരോപണത്തിൽ തിരഞ്ഞെടുപ്പു കമ്മീഷൻ കോഴിക്കോട് കളക്ടറോട് റിപ്പോർട്ട് തേടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ട് അടിയന്തരമായി നൽകണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവശ്യപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ സ്ഥാനാർഥികൾ കള്ളപ്പണവും മദ്യവും അനധികൃതമാർഗങ്ങളും സ്വീകരിക്കുന്നതായി സ്വകാര്യ ടെലിവിഷൻ ചാനൽ ബുധനാഴ്ച വാർത്ത പുറത്തുവിട്ടിരുന്നു. എം കെ രാഘവനടക്കം രാജ്യത്തെ വിവിധ പാർട്ടികളിൽപ്പെട്ട പതിനഞ്ച് എം പിമാരുമായും മൂന്നു നേതാക്കളുമായും ചാനൽ റിപ്പോർട്ടർമാർ നടത്തിയ കൂടിക്കാഴ്ചയുടെ ഒളിക്യാമറ ദൃശ്യങ്ങൾ എന്ന് അവകാശപ്പെട്ടാണ് ചാനൽ വാർത്ത പുറത്തുവിട്ടത്.

ഒരു കമ്പനിയുടെ പേരിൽ നടത്തുന്ന ഇടപാടിന് കോടികളുടെ കമ്മീഷൻ നൽകാമെന്ന വാഗ്ദാനത്തിൽ എം കെ രാഘവനടക്കം പതിനഞ്ചുപേർ താത്പര്യം കാട്ടിയെന്നും ചാനൽ ആരോപിച്ചിരുന്നു. അതേസമയം ദൃശ്യങ്ങളുടെ ആധികാരികത വ്യക്തമല്ല.

പുറത്തുവന്ന വീഡിയോയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും തിരഞ്ഞെടുപ്പ് ഓഫീസർക്കും സിറ്റി പോലീസ് കമ്മീഷണർക്കും എം.കെ രാഘവനും പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami