സിപിഎം പഞ്ചായത്ത് ഭരണസമിതിയുടെ പരിപാടിയില്‍ സുരേന്ദ്രന് വോട്ട് ചോദിക്കാന്‍ അവസരം നല്‍കി സഖാക്കള്‍; അയ്യപ്പവികാരം ശക്തമായതോടെ എന്‍ഡിഎക്ക് തിരുവനന്തപുരത്തേക്കാള്‍ വലിയ പ്രതീക്ഷയായി പത്തനംതിട്ട മാറുന്നത് ഇങ്ങനെ

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും വലിയ വിജയപ്രതീക്ഷയുള്ള മണ്ഡലം തിരുവനന്തപുരമാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് പ്രചാരണവുമായി മുന്നോട്ട് പോകുമ്ബോള്‍ തിരുവനന്തപുരത്തെക്കാള്‍ വലിയ പ്രതീക്ഷയായി മാറുകയാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം. ശബരിമല വിഷയം ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെടുന്ന മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയായതോടെ പ്രവര്‍ത്തകരും വലിയ ആവേശത്തിലാണ്. എന്നാല്‍ ഇപ്പോള്‍ സിപിഎമ്മിനെപ്പോലും ഞെട്ടിച്ച്‌ മുന്നേറുകയാണ് സുരേന്ദ്രന്‍.

സമസ്ത മേഖലയിലും ആധിപത്യം ഉറപ്പിച്ചാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം. ശബരിമല വിഷയം മണ്ഡലത്തില്‍ ചര്‍ച്ചയാകില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. എന്നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഉള്ളില്‍ പോലും വിഷയം ചര്‍ച്ചയാകുന്നുവെന്നും അതുകൊണ്ട് തന്നെയാണ് അത്തരം മേഖലകളില്‍ പോലും സുരേന്ദ്രന് സ്വീകാര്യത ലഭിക്കുന്നത്. സിപിഎം സംഘടിപ്പിച്ചപരിപാടിയിലാണ് സുരേന്ദ്രന്‍ എത്തിയത് എന്നത് മണ്ഡലത്തില്‍ ശബരിമല വിഷയം എത്രത്തോളം വലിയ ചര്‍ച്ചയും അടിയഴുക്കും സൃഷ്ടിക്കുന്നു എന്നതാണ് തെളിയുന്നത്. മലയാലപ്പുഴ പഞ്ചായത്ത് സമിതിയുടെ നേതൃതവത്തില്‍ നടത്തിയ കോമോസ് ബസ് അപകട അനുസ്മരണ പരിപാടിയിലാണ് സുരേന്ദ്രന്‍ പങ്കെടുത്തതും സംസാരിച്ചതും പിന്നീട് വോട്ട് ചോദിച്ചതും. സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പരിപാടി തലേ ദിവസം രാത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചപ്പോള്‍ തന്നെ മലയാലപ്പുഴയിലെ പരിപാടിയും പട്ടികയിലുണ്ടായിരുന്നു. അതായത് ഇത് അബദ്ധത്തില്‍ സംഭവിച്ച ഒന്നല്ല എന്ന് വ്യക്തം.

ശബരിമല സമരം നടന്ന സമയത്ത് ഏറ്റവും അധികം ഇടപെടല്‍ നടത്തിയ നേതാവ് എന്ന ഖ്യാതിയും ഭക്തരുടെ പിന്തുണയുമാണ് ശ്രീധരന്‍ പിള്ള ഉള്‍പ്പടെയുള്ളവര്‍ വെട്ടാന്‍ ശ്രമിച്ചിട്ടും സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയായി ബിജെപി കേന്ദ്ര നേതൃത്വം പരിഗണിച്ചതിന് പിന്നില്‍. സമാനമായി തന്നെ മണ്ഡലത്തിലെ നിരവധി ഇടത് കേന്ദ്രങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സ്വീകാര്യതയും ലഭിക്കുന്നുണ്ട്. പരസ്യമായി തന്നെ പല സിപിഎം അനുഭാവ കുടുംബങ്ങളും സുരേന്ദ്രന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച്‌ രംഗത്ത് വന്നതായിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഇതെല്ലാം ഇടത് ക്യാമ്ബില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഭരണസമിതിയിലെ അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

ഇടതു സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ മലയാലപ്പുഴ പഞ്ചായത്തിലെ സ്വീകരണ ദിവസം അതേ സമയം സി പി എം ഭരണ സമിതി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു, സ്വീകരണ പരിപാടിയിലെ പങ്കാളിത്വം കുറച്ചു എന്നും ആരോപണം സജീവമാണ്. ഇതെല്ലാം വിരള്‍ ചൂണ്ടുന്നത് ശബരിമല വിഷയം സിപിഎമ്മിന് തിരിച്ചടിയാകുമെന്ന് തന്നെയാണ്. കുറഞ്ഞപക്ഷം പത്തനംതിട്ട മണ്ഡലത്തിലെങ്കിലും അത് ചര്‍ച്ചയാകും എന്ന് ഉറപ്പാണ്. ഈ അനുകൂല തരംഗവും ഒപ്പം വിശ്വാസ സംരക്ഷണത്തിന് ജയിലില്‍ പോലും കഴിഞ്ഞ നേതാവ് എന്നതും സുരേന്ദ്രന് ഗുണമാകും.

മണ്ഡലത്തില്‍ സുരേന്ദ്രന് ലഭിക്കുന്നത് വന്‍ സ്വീകാര്യതയുമാണ്. വോട്ട് ചോദിക്കാന്‍ ഓരോ ജംഗ്ഷനുകളിലും പോകുമ്ബോള്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഒപ്പമുള്ളത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ ഞായറാഴ്ച തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മറ്റൊരു നേതാവിനും ലഭിക്കാത്ത സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചത്. ആചാരം സംരക്ഷിക്കാന്‍ ശ്രമിച്ച ആളാണ്. ഉമ്മവെച്ചം കെട്ടിപ്പിടിച്ചുമാണ് ഓരോ ജംഗ്ഷനിലും സുരേന്ദ്രന് സ്വീകരണങ്ങള്‍. സെല്‍ഫി എടുക്കാന്‍ എത്തുന്നവരുടെ തിരക്ക് കാരണം പലപ്പോഴും വാഹനത്തില്‍ കയറാന്‍ പോലും പാട് പെടുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോള്‍ ഇടത് കേന്ദ്രങ്ങളില്‍ പോലും സുരേന്ദ്രന് സ്വീകാര്യത ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami