എസ്.എഫ്.ഐ വനിതാ നേതാവ് കോപ്പിയടിച്ചു; സി.പി.എം നേതാക്കള്‍ ഇടപെട്ട് ഒതുക്കിയെന്ന് ആരോപണം

തൃശൂര്‍: കേരളവര്‍മ്മ കോളേജിലെ എസ്.എഫ്.ഐ വനിതാ നേതാവ് കോപ്പിയടിച്ചു. അനധികൃതമായി അഡിഷണല്‍ ഷീറ്റ് കൈവശപ്പെടുത്തി കോപ്പിയടിച്ച കാര്യം യൂണിവേഴ്‌സിറ്റിക്ക് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് ചെയ്യും. വിദ്യാര്‍ത്ഥിനിയുടെ കോപ്പിയടി പിടികൂടിയ അദ്ധ്യാപികയില്‍ നിന്നും വിശദീകരണം ലഭിച്ച ശേഷമായിരിക്കും നടപടി.

കഴിഞ്ഞ ദിവസം നടന്ന സിംബോളിക് ലോജിക് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്‌സ് (ഫിലോസഫി) പരീക്ഷയിലാണ് അഡീഷണല്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ എഴുതിക്കൊണ്ട് വന്ന് വിദ്യാര്‍ത്ഥിനി കോപ്പിയടിക്കാന്‍ ശ്രമിച്ചത്. പരീക്ഷാച്ചുമതലയുണ്ടായിരുന്ന അദ്ധ്യാപിക ഇത് കൈയോടെ പിടികൂടി പ്രിന്‍സിപ്പലിനെ ഏല്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ തുടര്‍ നടപടി സ്വീകരിക്കാതിരുന്നതോടെ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവുമായി മറ്റു സംഘടനാ നേതാക്കള്‍ രംഗത്തെത്തിയതോടെ കോപ്പിയടി വിവാദത്തിലായി.

സി.പി.എം നേതാക്കള്‍ ഇടപെട്ട് സംഭവം ഒതുക്കിയെന്നായിരുന്നു ആരോപണം. ഇതോടെ എ.ഐ.എസ്.എഫ് നേതാക്കള്‍ പ്രിന്‍സിപ്പലിനെ സമീപിച്ചു ചര്‍ച്ച രഹസ്യമായി ചിത്രീകരിച്ചു. വിദ്യാര്‍ത്ഥി അഡിഷണല്‍ ഷീറ്റ് തരപ്പെടുത്തി കോപ്പിയടിച്ചെന്ന് പ്രിന്‍സിപ്പല്‍ സമ്മതിക്കുന്നതായിരുന്നു എ.ഐ.എസ്.എഫ് നേതാക്കള്‍ പകര്‍ത്തിയ വീഡിയോ. എ.ഐ.എസ്.എഫിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചോര്‍ന്നതോടെ വൈറലായി.

എസ്.എഫ്.ഐ നേതാവിന് അഡിഷണല്‍ പേപ്പര്‍ കിട്ടിയത് എങ്ങനെയാണന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഗുരുതര വീഴ്ചയാണ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോളേജില്‍ നടക്കുന്ന പരീക്ഷകള്‍ സുതാര്യമല്ലെന്നും സമഗ്രാന്വേഷണം നടത്തണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami