പഴയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നോ?; കുമ്മനം രാജശേഖരന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി തീപാറും പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. മിസോറാം ഗവര്‍ണര്‍ പദവിയില്‍ നിന്നും രാജിവെച്ച്‌ മടങ്ങിയെത്തിയ കുമ്മനം രാജശേഖരനിലൂടെ തലസ്ഥാന നഗരം പിടിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി നേതാക്കളുടെയും അണികളുടെയും ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് കുമ്മനം തിരുവനന്തപുരത്ത് മത്സരത്തിനിറങ്ങുന്നത്. സിറ്റിംഗ് എംപിയായ ശശി തരൂരും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ സി ദിവാകരനുമാണ് തിരുവനന്തപുരത്ത് കുമ്മനത്തിന്റെ എതിരാളികള്‍.

തീപാറുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കുമ്മനം പ്രതിരോധത്തിലാകുന്ന ഒരു വാദം ഉയര്‍ന്നു കേട്ടത്. കുമ്മനം രാജശേഖരന്‍ പഴയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു എന്നാണ് വാദം. ആദ്യം സംശയിച്ചെങ്കിലും കൂടുതല്‍ സത്യാന്വേഷണത്തിന് നില്‍ക്കാതെ പലരും ഇത് പങ്കുവയ്ക്കുകയും ചെയ്തു.

എന്നാല്‍ ഇത് വെറും അസത്യ പ്രചാരണം മാത്രമാണെന്നാണ് കുമ്മനം വ്യക്തമാക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണത്. എവിടെ നിന്നാണ് അവര്‍ക്കീ വിവരം കിട്ടിയതെന്ന് അറിയില്ലെന്ന് ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തില്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

കോളേജ് പഠന കാലത്ത് നാച്വറല്‍ സയന്‍സ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിച്ചിരുന്നു. ആ തിരഞ്ഞെടുപ്പില്‍ കെഎസ്യു തന്നെ പിന്തുണച്ചിരുന്നതായും കുമ്മനം വ്യക്തമാക്കി. അന്ന് കുറെ സ്വതന്ത്ര്യസ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന കൂട്ടത്തില്‍ തന്നെയും പിന്തുണയ്ക്കുകയായിരുന്നുവെന്നും കുമ്മനം പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Bitnami