വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മൂന്ന് അപരൻമാർ; ബന്ധമില്ലെന്ന് ഇടതുമുന്നണി

വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളിയുമായി മണ്ഡലത്തില്‍ മൂന്ന് അപരന്‍മാര്‍. തമിഴ്നാട് സ്വദേശി രാഘുല്‍ ഗാന്ധി അഖിലേന്ത്യാ മക്കള്‍ കഴകത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമ്പോള്‍, മറ്റ് രണ്ട് പേര്‍ സ്വതന്ത്രരായാണ് മല്‍സരിക്കുന്നത്.

കോട്ടയം എരുമേലി സ്വദേശി രാഹുൽ ഗാന്ധി കെ ഇ, അഖില ഇന്ത്യ മക്കള്‍ കഴകം സ്ഥാനാര്‍ത്ഥിയായി തമിഴ്നാട് സ്വദേശി രാഘുൽ ഗാന്ധി കെ എന്നിവരാണ് അപരന്മാരായി പത്രിക നൽകിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി കെ എം ശിവപ്രസാദ് ഗാന്ധിയും പത്രിക നൽകിയിട്ടുണ്ട്. മൂന്ന് പേരും അവസാന ദിവസമാണ് പത്രിക നല്‍കിയത്. സൂക്ഷ്മ പരിശോധനയില്‍ അപരന്‍മാരുടെ പത്രിക നിലനിന്നാല്‍ വയനാട്ടില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ പാര്‍ലമെന്‍റിലെത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന് അത് തലവേദനയാകും.

അപരന്‍മാരെ ഇറക്കിയുളള കളി രാഷ്ട്രീയ ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. എന്നാല്‍ അപരന്‍മാരുമായി ബന്ധമൊന്നുമില്ലെന്നാണ് ഇടതുമുന്നണി നിലപാട്. പക്ഷേ ഇത് കേരളമാണന്നും ഇവിടുത്തെ മത്സരം രാഹുല്‍ ഗാന്ധി കാണാനിരിക്കുന്നതയുളളൂവെന്നും സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പ്രതികരിച്ചു. ഡമ്മി സ്ഥാനാർത്ഥികളാരെയും യുഡിഎഫ് രംഗത്തിറക്കിയിട്ടില്ല. എന്നാല്‍ ഇടത് സ്ഥാനാർത്ഥി പി പി സുനീറിന് ഡമ്മി സ്ഥാനാർത്ഥിയായി സിപിഐ നോതാവ് കൃഷ്ണദാസ് പത്രിക നൽകി. സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരും വയനാട്ടില്‍ പത്രിക നൽകിയിട്ടുണ്ട്. വയനാട്ടിലെ സൂക്ഷമ പരിശോധനക്ക് വരണാധികാരിയും ജില്ലാ കളക്ടറുമായ എ ആര്‍ അജയകുമാര്‍ മേല്‍നോട്ടം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Bitnami