പ്രിയങ്കാ ഗാന്ധി മത്സരിക്കാൻ സാധ്യതയേറുന്നു; തീരുമാനം പ്രിയങ്കയ്ക്ക് വിട്ട് രാഹുൽ

ദില്ലി: ലോക് സഭാ തെര‍ഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തിൽ അന്തിമ തീരുമാനം പ്രിയങ്ക തന്നെ എടുക്കുമെന്നാണ് വാര്‍ത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം. അതേസമയം പാര്‍ട്ടി പരഞ്ഞാൽ മത്സരിക്കുമെന്ന നിലപാട് പ്രിയങ്ക ഗാന്ധി ഇതിന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് വാരാണസിയിൽ മത്സരിച്ചാലോ എന്ന ചോദ്യം വന്നത്.  നരേന്ദ്രമോദിയെ നേരിടാൻ പ്രിയങ്ക തന്നെ എത്തും എന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി.  പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന കാര്യം പാർട്ടി ആലോചിച്ചിട്ടില്ലെന്നും  എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പ്രിയങ്ക തന്നെ ആണെന്നും ആണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

പ്രിയങ്ക വാരാണസിയിൽ മത്സരിക്കുന്നത് ഉത്തർപ്രദേശിൽ മാത്രമല്ല രാജ്യത്തുടനീളം കോൺഗ്രസിന്‍റെ സാധ്യത കൂട്ടും എന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. രാഹുൽ തെക്കേ ഇന്ത്യയിൽ മത്സരിച്ചാൽ ബിജെപിയിൽ നിന്ന് ഒളിച്ചോടി എന്ന പരിഹാസം ബിജെപി ശക്തമാക്കും. പ്രിയങ്ക മത്സരിക്കുന്നത് ഈ പ്രചാരണം തടയാനും സഹായിക്കും എന്നും വിലയിരുത്തലുണ്ട്.

ഉത്തർപ്രദേശിലെ ന്യൂനപക്ഷ വോട്ടർമാർ രണ്ടായിരത്തി ഒമ്പതിൽ കോൺഗ്രസിനൊപ്പം നിന്നിരുന്നു. പ്രിയങ്കയുടെ മത്സരം ഈ ധ്രുവീകരണം വീണ്ടും സാധ്യമാക്കുമെന്ന് കരുതുന്ന നേതാക്കളുമുണ്ട്. മേയ് 19ന് അവസാന ഘട്ടത്തിലാണ് വാരാണസിയിലെ വോട്ടെടുപ്പ്. അതുവരെ ശക്തമായി മത്സരത്തിൽ നില്ക്കുകയെന്ന ആലോചനയും പ്രിയങ്കയുടെ സാധ്യതയ്ക്ക് പിന്നിൽ ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami