ബിജെപിക്ക് ഞെട്ടല്‍; ഒറ്റയടിക്ക് 5000 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, പരസ്യ പ്രഖ്യാപനം

മുംബൈ: വര്‍ഷങ്ങളായി ബിജെപിക്കൊപ്പം നിന്നിരുന്നവര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് അംഗത്വമെടുത്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ആര്‍എസ്എസ്സിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ചില്‍ പ്രവര്‍ത്തിച്ചിരുന്ന 5000 പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂട്ടത്തോടെയുള്ള കൂടുമാറ്റം ബിജെപി നേതാക്കളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അംഗത്വമെടുത്ത ശേഷം അവര്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനയാണിതെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്ന് പുതിയ അംഗങ്ങള്‍ അറിയിച്ചു.

ആര്‍എസ്എസിന്റെ ന്യൂനപക്ഷ വിഭാഗം
ആര്‍എസ്എസിന്റെ ന്യൂനപക്ഷ വിഭാഗമാണ് മുസ്ലിം രാഷ്ട്രീയ മഞ്ച്. നാഗ്പൂരില്‍ ഒട്ടേറെ മുസ്ലിംകള്‍ ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ ബിജെപിയും ആര്‍എസ്എസും നല്‍കിയിരുന്നു. എന്നാല്‍ പാലിക്കപ്പെട്ടില്ല.

മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രാദേശിക നേതാവ് റിയാസ് ഖാന്‍ ആണ് കോണ്‍ഗ്രസില്‍ ചേരുന്ന കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചത്. നാഗ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാനാ പട്ടോളിയെ പിന്തുണയ്ക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

നാഗ്പൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി മുതിര്‍ന്ന നേതാവ് നിതിന്‍ ഗഡ്കരിയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാനാ പട്ടോളിയും. ശിവസേനയുടെ പിന്തുണയോടെ മല്‍സരിക്കുന്ന ബിജെപിക്ക് വിജയം ഉറപ്പാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് 5000 പേര്‍ മുസ്ലിം രാഷ്ട്രീയ മഞ്ചില്‍ നിന്ന് രാജിവെച്ചതും കോണ്‍ഗ്രസില്‍ ചേര്‍ന്നതും. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. മുസ്ലിം രാഷ്ട്രീയ മഞ്ച് വിടുന്നതിന് മുമ്പ് ഇവര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.

റിയാസ് ഖാന് പുറമെ മറ്റു പ്രാദേശിക നേതാക്കളായ് സുശീല സിന്‍ഹ, ഇഖ്‌റ ഖാന്‍ എന്നിവരും രാജിവെച്ചവരില്‍ പ്രമുഖരാണ്. ഇവര്‍ ഒരുമിച്ചെത്തിയാണ് മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാനാ പട്ടോളിയുടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

നാമമാത്രമായ പരിഗണനയാണ് ബിജെപി മുസ്ലിംകള്‍ക്ക് നല്‍കിയതെന്ന് റിയാസ് ഖാന്‍ പറഞ്ഞു. 5000 പ്രവര്‍ത്തകരും തനിക്കൊപ്പം എംആര്‍എം വിട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇനി കോണ്‍ഗ്രസിന്റെ വിജയത്തിന് വേണ്ടി ഒരുമിച്ച് നീങ്ങുമെന്നും ഖാന്‍ പറഞ്ഞു.

മുസ്ലിംകളായ ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല രാജിവെച്ചത്. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഹല്‍ബ സമുദായംഗങ്ങളും ബിജെപി വിട്ടിട്ടുണ്ട്. തങ്ങളുടെ ജാതിക്ക് അംഗീകാരം നല്‍കണമെന്നാണ് ഇരു സമുദായങ്ങളുടെയും വര്‍ഷങ്ങളായുള്ള ആവശ്യം.

ചപ്പര്‍ബന്ദ് ഷാ വിഭാഗത്തില്‍പ്പെട്ടവരാണ് പ്രദേശത്തെ മുസ്ലിംകള്‍. തങ്ങളുടെ വിഭാഗത്തിന് പ്രത്യേക ജാതി പരിഗണന വേണമെന്നാണ് ഇവരുടെ ആവശ്യം. ഗഡ്കരിക്ക് ഇക്കാര്യത്തില്‍ ഒട്ടേറെ നിവേദനം നല്‍കിയിരുന്നു.

ബിജെപി ചപ്പര്‍ബന്ദ് ഷാ സമുദായത്തിന്റെ എല്ലാ ആവശ്യങ്ങളും തള്ളി. തുടര്‍ന്നാണ് ഹല്‍ബ സമുദായത്തിലെ അംഗങ്ങള്‍ക്കൊപ്പം എംആര്‍എം വിടാനും കോണ്‍ഗ്രസില്‍ ചേരാനും ഇരുവിഭാഗവും തീരുമാനവിച്ചത്. ഇനി ബിജെപിയുമായി സഹകരിക്കില്ലെന്ന് അവര്‍ പറഞ്ഞു. എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Bitnami