കോണ്‍ഗ്രസില്‍ ചേരാന്‍ ഉപദേശിച്ചത് ലാലു പ്രസാദ് യാദവ്: ശത്രുഘ്നന്‍ സിന്‍ഹ

ദില്ലി: കോണ്‍ഗ്രസില്‍ ചേരാന്‍ തന്നെ ഉപദേശിച്ചത് ലാലു പ്രസാദ് യാദവെന്ന് വെളിപ്പെടുത്തി ശത്രുഘ്നന്‍ സിന്‍ഹ. കോണ്‍ഗ്രസ് എല്ലാ അര്‍ത്ഥത്തിലും ഒരു ദേശീയ പാര്‍ട്ടി ആണെന്നും കുടുംബ സുഹൃത്തായ ലാലു പ്രസാദ് യാദവ് കോണ്‍ഗ്രസില്‍ ചേരണമെന്ന ഉപദേശം നല്‍കിയെന്നും സിന്‍ഹ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ചേരണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും സിന്‍ഹ പറഞ്ഞു.

ഏത് സാഹചര്യത്തിലും പട്‌ന സാഹിബ് മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് താന്‍ എല്ലാവരോടും വ്യക്തമാക്കിയിരുന്നു. 2014 ല്‍ അവിടെ മത്സരിച്ച് വിജയിച്ചത് സ്വന്തം കഴിവുകൊണ്ടാണ്. പാര്‍ട്ടിയുടെ സഹായം ലഭിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ ചേരാന്‍ ഉപദേശിച്ച ലാലു പ്രസാദ് യാദവ് തങ്ങളെല്ലാവരും കോണ്‍ഗ്രസിനൊപ്പം ഉണ്ടാവുമെന്ന ഉറപ്പ് നല്‍കിയിരുന്നു – ശത്രുഘ്‌നനന്‍ സിന്‍ഹ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പട്ന സാഹിബ് മണ്ഡലത്തിൽ നിന്ന് രണ്ടുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശത്രുഘൻ സിൻഹയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയില്ല. പകരം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഇത്തവണ പട്ന സാഹിബ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി.

ശക്തിയുള്ള വാക്കുകള്‍ കൊണ്ട് പ്രസംഗ വേദികളിൽ ബിജെപിയുടെ തീപ്പൊരിയായിരുന്ന ശത്രുഘൻ സിൻഹ ബിജെപിയിലെ ‘ഷോട്ട് ഗൺ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami