ഇന്ത്യയുടെ അഖണ്ഡതയെ അപമാനിക്കരുത്, വയനാട് പഴശിരാജയുടെ മണ്ണ്; മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്

ദില്ലി: അമേഠിക്ക് പുറമേ വയനാട് സീറ്റില്‍ കൂടി മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ വിമര്‍ശിച്ച പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. ഹിന്ദുക്കളെ നേരിടാന്‍ ഭയന്ന് രാഹുല്‍ ഗാന്ധി മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിലേക്ക് ഒളിച്ചോടിയെന്ന പ്രസ്താവനയിലൂടെ നരേന്ദ്രമോദി ഇന്ത്യയുടെ മതേതരത്വത്തെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഇത്തരം പ്രസ്താവനകളിലൂടെ ഇന്ത്യയുടെ മതേതരത്വത്തേയും നാനത്വത്തേയും മോദി അപമാനിക്കുകയാണ്. ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ പഴശ്ശിരാജയുടെ ചരിത്രമുള്ള നാടാണ് വയനാടെന്ന് മോദിക്ക് അറിയാമോ. ആദിവാസികളുടെ നാടാണ് വയനാട്, കര്‍ഷകരുടെ നാടാണ് വയനാട്. ഇതെല്ലാം മോദിക്ക് അറിയുമോ ? ബിജെപിക്ക് അറിയുമോ.. ?  കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല എഐസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ചോദിക്കുന്നു.

വയനാട്ടില്‍ കൂടി മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ഒളിച്ചോട്ടമായി ബിജെപി വിശേഷിപ്പിക്കുമ്പോള്‍ അത് ഇന്ത്യയുടെ നാനത്വത്തിനെതിരായ ബിജെപി വെറിയായാണ് കോണ്‍ഗ്രസ് കാണുന്നത്. ഹിന്ദുകളില്‍ നിന്നും ഒളിച്ചോടി ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതിനെ ഉത്തരേന്ത്യയിലെ ഹൈന്ദവവോട്ടുകള്‍ ലക്ഷ്യമിട്ടാണ് ബിജെപി വിമര്‍ശിക്കുന്നത്.

എന്നാല്‍ ജാതി, മതം, ഭാഷ, വർണം എന്നിവയുടെ പേരിൽ ജനങ്ങളെ വിഭജിക്കുകയാണ് എന്‍‍ഡിഎ സര്‍ക്കാരെന്നും രാഹുൽ ദക്ഷിണേന്ത്യയിൽ മത്സരിക്കുന്നതിനെ ബിജെപി എതിർക്കുന്നതിൽ നിന്ന് അതാണ് വ്യക്തമാകുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. കര്‍ഷക-ആദിവാസി ജില്ലയായ വയനാട് സീറ്റ് മത്സരിക്കാന്‍ തെരഞ്ഞെടുക്കുക വഴി  ആ വിഭാഗത്തോടുള്ള കോണ്‍ഗ്രസിന്‍റെ താത്പര്യം കൂടിയാണ് തെളിയിക്കപ്പെടുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami