ദരിദ്രകുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം 72,000 രൂപ അക്കൗണ്ടില്‍; സര്‍ക്കാര്‍ സര്‍വീസിലെ 22 ലക്ഷം ഒഴിവുകളില്‍ നിയമനം; തൊഴിലുറപ്പു പദ്ധതിയില്‍ വര്‍ഷം 150 തൊഴില്‍ ദിനങ്ങള്‍: കോൺഗ്രസ് പ്രകടന പത്രിക

കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്നും 2020 മാര്‍ച്ചിനു മുമ്പ് സര്‍ക്കാര്‍ സര്‍വീസിലെ 22 ലക്ഷം ഒഴിവുകളില്‍ നിയമനം നടത്തുമെന്നും പ്രകടന പത്രിക പറയുന്നു. തൊഴിലില്ലായ്മയും കര്‍ഷക ദുരിതവും സ്ത്രീ സുരക്ഷയില്ലായ്മയുമാണ് രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടനപത്രിക ജനങ്ങളുടെ ശബ്ദമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്ത് വെറുപ്പും ഭിന്നതയും വ്യാപകമാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതിനായിരിക്കും കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രധാനമായും ശ്രമിക്കുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ന്യായ് പ്രകാരം ദരിദ്രകുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം 72,000 രൂപ അക്കൗണ്ടില്‍ എത്തുമെന്ന് ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിശദീകരിച്ചു. അഞ്ചു പ്രധാന കാര്യങ്ങളാണ് പ്രകടന പത്രികയില്‍ ഉള്ളതെന്നും ദരിദ്ര കുടുംബങ്ങള്‍ക്കു മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് തന്നെയാണ് അതില്‍ പ്രധാനമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തൊഴിലില്ലായ്മയും കര്‍ഷകരുടെ ദുരിതവും മുഖ്യധാരാ ചര്‍ച്ചയിലേക്കു തിരിച്ചുകൊണ്ടുവരുമെന്ന് രാഹുല്‍ പറഞ്ഞു. 22 ലക്ഷം ഒഴിവുകളാണ് നിയമനം നടത്താതെ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളത്. 2020 മാര്‍ച്ചിനു മുമ്പ് ഈ ഒഴിവുകളില്‍ നിയമനം നടത്തും. കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കും. കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി ഒഴിവാക്കും. സിവില്‍ കുറ്റമായി മാത്രമേ ഇതിനെ കണക്കാക്കൂവെന്ന് രാഹുല്‍ പറഞ്ഞു.

തൊഴിലുറപ്പു പദ്ധതിയില്‍ വര്‍ഷം 150 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും. ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസത്തിനാക്കി നീക്കിവയക്കും. സര്‍ക്കാര്‍ ആശുപത്രി സംവിധാനം ശക്തിപ്പെടുത്തി ദരിദ്രര്‍ക്കു മെച്ചപ്പെട്ട ആരോഗ്യരക്ഷ ഉറപ്പുവരുത്തുമെന്നും രാഹുൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami