കോൺഗ്രസിന് 70 കൊല്ലം കൊണ്ട് സാധിക്കാത്തത് അഞ്ച് വർഷം കൊണ്ട് ഞാനെങ്ങിനെ ചെയ്യും?: മോദി

പാറ്റ്ന: കോൺഗ്രസ് 70 വർഷം ഭരിച്ചിട്ട് രാജ്യത്തെ പ്രശ്നങ്ങൾ തീർക്കാൻ സാധിച്ചില്ലെന്നും, പിന്നെങ്ങിനെയാണ് തനിക്ക് അഞ്ച് വർഷം കൊണ്ട് സാധിക്കുകയെന്നും നരേന്ദ്ര മോദി. തനിക്ക് ഒരു തവണ കൂടി ഭരിക്കാൻ അവസരം തന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാമെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ പാറ്റ്നയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എല്ലാ ജോലിയും തീർത്തെന്ന് എനിക്ക് പറയാൻ സാധിക്കില്ല. 70 വർഷം ഭരിച്ച കോൺഗ്രസിന് അത് പറയാൻ സാധിക്കില്ല, പിന്നെങ്ങിനെ അഞ്ച് വർഷം മാത്രം ഭരിച്ച തനിക്ക് അത് പറയാൻ പറ്റും? ഒരുപാടധികം കാര്യങ്ങൾ ചെയ്യാനുണ്ട്. അത് ചെയ്യാനുളള ശക്തിയുണ്ട്. എന്നാൽ നിരന്തരമായ പരിശ്രമങ്ങളുടെ ആവശ്യം ഇവിടെയുണ്ട്. അതിന് നിങ്ങളുടെ അനുഗ്രഹം വേണം,” മോദി പറഞ്ഞു.

രാജ്യ പുരോഗതി കോൺഗ്രസിന്റെ കാലത്ത് പുറകോട്ടാണ് സഞ്ചരിച്ചതെന്ന് മോദി കുറ്റപ്പെടുത്തി. “ഭീകരവാരം, വില, അക്രമം, അഴിമതി, കള്ളപ്പണം എന്നിവ കോൺഗ്രസിന്റെ കാലത്ത് കുതിച്ചു. രാജ്യത്തിന്റെ വളർച്ച, വിശ്വാസ്യത, സായുധസേനയുടെ അഭിമാനം എന്നിവ താഴേക്കായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ബിആർ അംബേദ്കറിനെ തോൽപ്പിക്കാൻ നെഹ്റു കുടുംബം തങ്ങളാലാവുന്നതെല്ലാം ചെയ്തു,”വെന്നും അദ്ദേഹം പ്രസംഗത്തിൽ കുറ്റപ്പെടുത്തി.

“അംബേദ്കറിനെ ജനമനസുകളിൽ നിന്ന് അകറ്റാൻ അവർ എല്ലാം ചെയ്തു. സ്വന്തം കുടുംബാംഗങ്ങളെ ഭാരത രത്ന നൽകി ആദരിച്ച കോൺഗ്രസ്, അംബേദ്കറിനെ മറന്നു,” എന്നും മോദി പ്രസംഗത്തിൽ കുറ്റപ്പെടുത്തി. കോൺഗ്രസിനെ കടന്നാക്രമിച്ചതല്ലാതെ മോദി ബീഹാറിന് വേണ്ടി എന്ത് ചെയ്യുമെന്ന് പറഞ്ഞില്ലെന്ന് കുറ്റപ്പെടുത്തിയ ആർജെഡി നേതാവ് തേജസ്വി യാദവ്, അർത്ഥമില്ലാത്ത പ്രസ്താവനകൾ മാത്രമാണ് പ്രസംഗം എന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami