പാസ്‌പോര്‍ട്ട് മറന്ന വയോധികയ്ക്കു വേണ്ടി വിമാനം വൈകിപ്പിച്ച് എയര്‍ ഇന്ത്യ; കയ്യടിച്ച് സോഷ്യല്‍ മീഡിയ

വിമാനങ്ങൾ പുറപ്പെടാൻ വൈകുന്നതും യാത്രക്കാർ അതേച്ചൊല്ലി ദേഷ്യം പിടിക്കുന്നതും പുതുമയുള്ള കാര്യമല്ല. പല യാത്രക്കാരും സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കാറുമുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ ഡൽഹി-മുംബൈ വിമാനം വൈകിയപ്പോൾ യാത്രക്കാർ അൽപം പോലും ദേഷ്യം പ്രകടിപ്പിച്ചില്ല. പകരം വിമാനജീവനക്കാരെ അഭിനന്ദിക്കുകയാണ് ചെയ്തത്.

അതിനു പിന്നിൽ ഒരു കാരണവുമുണ്ട്. അതിങ്ങനെ: വയോധികയായ ഒരു യാത്രക്കാരി തന്റെ പാസ്പോർട്ട് സൂക്ഷിച്ചിരുന്ന ബാഗ് സുരക്ഷാ പരിശോധനയ്ക്കടെ മറന്നുവെച്ചിരുന്നു. വിമാനം പറന്നുയരാൻ സജ്ജമായപ്പോഴാണ് ഇക്കാര്യം യാത്രക്കാരി ഓർമിച്ചത്. തുടർന്ന് വിമാനജീവനക്കാർ പാസ്പോർട്ട് ബാഗിനു വേണ്ടി തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ ബാഗ് കണ്ടെത്തി യാത്രക്കാരിക്കു നൽകുകയും ചെയ്തു. ഇക്കാരണം കൊണ്ടാണ് വിമാനം പുറപ്പെടാൻ വൈകിയത്.

മാർച്ച് 31ന് പുലർച്ചെ ഡൽഹിയിൽനിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. വയോധികയായ യാത്രക്കാരിയുടെ ബാഗ് കണ്ടെത്തിക്കൊടുക്കാൻ നല്ല മനസ്സു കാണിച്ച വിമാനജീവനക്കാരെ അഭിനന്ദിച്ച് നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്. മുതിർന്ന മാധ്യമപ്രവർത്തകൻ വീർ സാഘ്വിയും വിമാനത്തിൽ സംഭവ സമയത്തുണ്ടായിരുന്നു. അദ്ദേഹവും വിമാനജീവനക്കാരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami