അടുത്ത പ്രധാനമന്ത്രി മോദി തന്നെ; കേരളത്തിൽ നിന്ന് കുറഞ്ഞത് നാല് ബിജെപി എംപിമാർ ഉണ്ടാകുമെന്ന് ഗഡ്കരി

ദില്ലി: പ്രധാനമന്ത്രി പദം തന്‍റെ ലക്ഷ്യമല്ലെന്നും നരേന്ദ്ര മോദി തന്നെയാകും അടുത്ത പ്രധാനമന്ത്രിയെന്നും നിതിൻ ഗഡ്കരി. ദേശീയത രാഷ്ട്രീയ വിഷയമാക്കുന്നത് ബിജെപി നയമല്ല. കേരളത്തിൽ നിന്നും ലോക്സഭയിലേക്ക് കുറഞ്ഞത് നാല് ബിജെപി എംപിമാരുണ്ടാകുമെന്നും ശബരിമല തന്നെയാണ് പ്രധാന വിഷയമെന്നും ഗഡ്കരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രധാനമന്ത്രിയാകണം എന്ന ഒരാഗ്രഹവും തനിക്ക് ഇല്ലെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പാണ്. മോദി തന്നെയാകും അടുത്ത പ്രധാനമന്ത്രി. ദേശീയതയെ രാഷ്ട്രീയ വിഷയമാക്കരുത്. ഞങ്ങൾക്ക് ഏറെ വലുതാണ് ദേശീയത. അത് ഒരിക്കലും രാഷ്ട്രീയവിഷയമാകരുതെന്നും ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതത്തോട് യോജിക്കുന്നില്ലെന്നും ഗഡ്കരി വ്യക്തമാക്കി. എല്ലാ കോണ്‍ഗ്രസുകാരെയും രാജ്യത്ത് നിന്നും പുറത്താക്കണം എന്നും അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കുറഞ്ഞത് നാല് സീറ്റുകൾ എങ്കിലും നേടുമെന്നാണ് പ്രതീക്ഷയെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ശബരിമല പ്രധാനവിഷയമാണ്. കേരളത്തിൽ ഈ വിഷയം നമുക്ക് കരുത്താകും. ഈ വിഷയം ശക്തമായി ഉയർത്തിക്കാണിക്കും. ജനങ്ങളുടെ വികാരം അത്രത്തോളമുണ്ട്. ഇത് വഴി ഞങ്ങൾക്ക് വലിയ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പിൽ മോദി നേരിട്ട് ഉയർത്തുന്ന പല വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഗഡ്കരിക്കുള്ളത്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകുമ്പോഴും കേരളത്തിലെ വിഷയങ്ങളിലും മുൻ ബിജെപി അദ്ധ്യക്ഷൻ ശ്രദ്ധവയ്ക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ വയനാടൻ ദൗത്യത്തിന് പിന്നിൽ അമേഠിയിലെ പരാജയഭീതിയാണെന്നും എന്നാൽ ബിജെപി നേതാക്കൾ ഉയർത്തുന്ന വർഗ്ഗീയമായ തരംതിരിവുകളിലേക്ക് കടക്കുന്നില്ല നിതിൻ ഗഡ്കരി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami