നമ്മുടെ പേഴ്സനൽ വിവരങ്ങൾ ഒന്നും തന്നെ ആർക്കും ചോർത്തിക്കൊടുക്കില്ലെന്ന വാട്സാപ്പിന്റെ പ്രതിജ്ഞ തെറ്റുന്നു; ഒടുവിൽ വാട്സാപ് വിട പറയും

ഒടുവിൽ അതും സംഭവിക്കുന്നു, നമ്മുടെ പേഴ്സനൽ വിവരങ്ങൾ ഒന്നും തന്നെ ആർക്കും ചോർത്തിക്കൊടുക്കില്ലെന്ന വാട്സാപ്പിന്റെ പ്രതിജ്ഞ തെറ്റുകയാണ്. മാത്രവുമല്ല കോടാനു കോടി ഉപയോക്താക്കളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ വാട്സാപ്പിനെ മുൻനിർത്തി ഒരുഗ്രൻ ‘ഭീഷണി’യും മുഴങ്ങുന്നുണ്ട്. ‘ലോകത്തിലെ ഈ നമ്പർ വൺ മെസേജിങ് ആപ്ലിക്കേഷനെ ഫെയ്സ്ബുക് മെസഞ്ചറുമായി ബന്ധിപ്പിക്കാൻ പോകുന്നു. അതീവ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായേക്കാവുന്ന പദ്ധതിയാണ് മാർക്ക് സക്കർബർഗ് രഹസ്യമായി ആസൂത്രണം ചെയ്യുന്നത്.

‌അതായത് സക്കർബർഗിന്റെ പദ്ധതി നടപ്പിലായാൽ സുരക്ഷിതമെന്ന് വിശ്വസിച്ചിരുന്ന വാട്സാപ്പിനോടു എന്നന്നേക്കുമായി വിട പറയാം’. വാട്സാപ്പിൽ നിന്ന് മെസഞ്ചറിലേക്കും മെസഞ്ചറിൽ നിന്ന് വാട്സാപ്പിലേക്കും കൂടാതെ ഇൻസ്റ്റാഗ്രാമിലേക്കും മെസേജുകൾ കൈമാറാൻ സാധിക്കുന്നതോടെ ഡേറ്റാ ചോർച്ച വ്യാപകമാകുമെന്ന് ചുരുക്കും.

ഫെയ്സ്ബുക്കിന്റെ നിലവിലെ പ്രതിസന്ധികളെ നേരിടാൻ ലക്ഷ്യമിട്ടുള്ള കളിയാണ് മാർക്ക് സക്കർബർഗ് ആസൂത്രണം ചെയ്യുന്നത്. നിലവിൽ ഏറ്റവും കൂടുതൽ സജീവമായ വാട്സാപ്പിനെ ഉപയോഗിച്ച് നിർജീവമായി കിടക്കുന്ന മെസഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കൂട്ടുകയാണ് ലക്ഷ്യം.

എന്നാൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷയ്ക്ക് എന്തു സംഭവിക്കാമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. നിലവിൽ സക്കര്‍ബർഗിന്റെ തീരുമാനങ്ങൾക്ക് എതിരു നിൽക്കുന്നവരെല്ലാം കമ്പനിക്ക് പുറത്താണ്. ഇനിയുള്ള തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ സക്കർബർഗിന് എളുപ്പവുമാണ്. മൂന്നു മെസേജിങ് സര്‍വീസുകളും ബന്ധിപ്പിച്ചാൽ വിലയേറിയ വൻ ഡേറ്റാ ബേസ് ലഭിക്കും. ഇതായിരിക്കാം സക്കർബർഗിന്റെ ലക്ഷ്യവും.

ഈ വർഷം അവസാനത്തോടെ തന്നെ സക്കർബർഗിന്റെ രഹസ്യ പദ്ധതി നടപ്പിലാക്കുമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, വാട്സാപ്പിന്റെ സുരക്ഷ മറ്റു രണ്ടു മെസേജിങ് സംവിധാനത്തിലും കൊണ്ടുവരുമെന്നാണ് ഫെയ്സ്ബുക് വാദം. ഫെയ്സ്ബുക് വിടുന്നവരുടെ എണ്ണം കുത്തനെ കൂടിയതോടെയാണ് വാട്സാപ്പിന്റെ സഹായം തേടിയിരിക്കുന്നത്. ഫെയ്സ്ബുക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami