പൊതുതിരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിനു സാധ്യതയെന്ന് യുഎസ് ചാരമേധാവി

വാഷിങ്ടൻ: ഭരണകക്ഷിയായ ബിജെപി, ഹിന്ദു ദേശീയതാ വിഷയങ്ങളില്‍ ഊന്നി മുന്നോട്ടുപോയാല്‍ പൊതുതിരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ക്കു ശക്തമായ സാധ്യതയുണ്ടെന്ന് യുഎസ് ചാരസംഘടനാ മേധാവിയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റിക്കു സമര്‍പ്പിച്ച രേഖയില്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്‌സ് ആണ് ഇത്തരത്തില്‍ മുന്നറിയിപ്പു നല്‍കിയത്. 2019ല്‍ ലോകം നേരിടുന്ന ഭീഷണികള്‍ സംബന്ധിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ കലാപസാധ്യതയെക്കുറിച്ചു പരാമര്‍ശമുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയായ ബിജെപി ഹിന്ദുദേശീയതില്‍ ശ്രദ്ധയൂന്നിയാല്‍ പാര്‍ലമെന്റ് തിരിഞ്ഞെടുപ്പ് വേളയില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു ഡാന്‍ കോട്‌സ് സെലക്ട് കമ്മിറ്റി അംഗങ്ങളോടു പറഞ്ഞു. ഇദ്ദേഹത്തിനൊപ്പം സിഐഎ ഡയറക്ടര്‍ ജിന ഹാസ്‌പെല്‍, എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ, ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ റോബര്‍ട്ട് ആഷ്‌ലി എന്നിവര്‍ ഉള്‍പ്പെടെ മറ്റു രഹസ്യാന്വേഷണ ഏജന്‍സികളുടെ മേധാവിമാരും സന്നിഹിതരായിരുന്നു. സിഐഎ ഡയറക്ടര്‍ ജിന ഹാസ്‌പെല്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് ബിജെപി സ്വീകരിച്ച നയങ്ങള്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സാമുദായിക സംഘര്‍ഷത്തിനു കാരണമായിട്ടുണ്ടെന്ന് ഡാന്‍ കോട്‌സ് പറഞ്ഞു. ഈ സാഹചര്യത്തില്‍ അണികളെ സജീവമാക്കാനായി പ്രാദേശിക ഹിന്ദു ദേശീയവാദി നേതാക്കള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. സാമുദായിക പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതോടെ ഇസ്‌ലാമിക തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ പിടിമുറുക്കാന്‍ നീക്കം നടത്തുമെന്നും കോട്‌സ് പറഞ്ഞു. പാക്കിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ ആക്രമണം തുടരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami